Showing posts with label Malayalam. Show all posts
Showing posts with label Malayalam. Show all posts

Friday, March 9, 2012

കിളിവാതിലിലൂടെ

 അവനോടു സംസാരിച്ചിരുന്നാല്‍  ഒരു ഗുണമുണ്ട്..മറന്നു പോയതും, ഓര്‍മയുടെ അങ്ങേ അറ്റത്തു  പോലും ഉണ്ടെന്നു അറിയാത്തതുമായ പലതും ഓര്‍മ വരും. അങ്ങനെ തെളിഞ്ഞ  ചില ശകലങ്ങള്‍ ഇതാ ..

- പടിഞ്ഞാറേമുറ്റത്ത്‌   പേരമരചുവട്ടില്‍ കളിവീടുണ്ടാക്കിയിരുന്ന   കാര്യം എന്നേ മറന്നു പോയതാണ്. പഴയ പ്ലാസ്റ്റിക്‌ ഷീറ്റ്,  ഓല, സാരി തുടങ്ങിയവ കൊണ്ട് ഉണ്ടാക്കുന്ന നല്ല ഒന്നാംതരം വീട്.. അതിനകത്ത് കയറി അങ്ങനെ ഇരിക്കുമ്പോള്‍ ഉള്ള ആ രസം..   അടുക്കളയും കിടപ്പുമുറിയും ഒക്കെ ഉണ്ടാകും.. കുട്ടികളും അച്ഛനും അമ്മയും കളിയ്ക്കും..ഉറങ്ങി കിടക്കുന്ന  കുഞ്ഞുങ്ങളെ വിളിച്ചു ഉണര്‍ത്തല്‍   ആണ് ആദ്യ പടി.. ഇന്നും ദിവസം തുടങ്ങുന്നത് അങ്ങനെ തന്നെ..

- ഓല മെടയാന്‍ ചില പെണ്ണുങ്ങള്‍ വരും, അതും നോക്കി പടിയില്‍  ഇരുന്ന ആ എന്നെ , ഞാന്‍ വീണ്ടും കണ്ടു .. കുട്ടിയുടുപ്പും ചപ്രാ മുടിയും.. നിറയെ സ്വപ്നങ്ങളും..

- പപ്പയ്ക്കയുടെ തണ്ട് കൊണ്ട് സോപ്പ് വെള്ളത്തില്‍ മുക്കി കുമിളകള്‍ ഉണ്ടാക്കിയിരുന്നു , കുമിളകള്‍ പറത്തിക്കുക മാത്രമല്ല, terrace ന്റെ കൈവരിയില്‍ കുമിളകള്‍  ഒന്നിന് മീതെ ഒന്നായി കൂട്ടി  കൂടാരം ഉണ്ടാക്കും.. എല്ലാം കൂടി മഴവില്‍ വര്‍ണത്തില്‍ അങ്ങനെ.. പൊട്ടും  വരെ നോക്കി ഇരിക്കും.. ഇപ്പോളും കൂട്ടുന്നു സ്വപ്ന കുമിളകള്‍ ..

- പിന്നെ പട്ടം പറപ്പിക്കല്‍, ഈര്‍ക്കിലും ദിനപത്രവും കൊണ്ട് ഉണ്ടാക്കി വാലും ചിറകും ഒട്ടിച്ചു ചേര്‍ത്തുണ്ടാക്കുന്ന പട്ടം.. അത് പറത്താന്‍ കൊണ്ട് പോകുന്നത് വയലില്‍ ആണ്.. അവിടെ ഒരു ബന്ധുവിന്റെ വീടുണ്ട്.. അവിടെ എത്തിയാല്‍ അവരുടെ ആട്ടിന്‍കുട്ടിയെ തോളില്‍ വെച്ച് ഓടും.. തിരികെ വരും വഴി ആമ്പല്‍ പൂ  പറിക്കും, തോര്‍ത്തില്‍ മീനും പിടിക്കും.. ചിലപ്പോള്‍ ഒക്കെ ചൂണ്ടയിടുന്ന ഒരു ഓര്‍മയും വന്നു.. നേരിയ തോതില്‍.. നിറയെ  കൊക്കുകള്‍ ഉണ്ടാകും വയലില്‍..


- തെക്കുകിഴക്കേ  വശത്തെ  മാവില്‍  ഊലാഞ്ഞിടും , ഓണത്തിന്.. ഉലക്കയില്‍ കട്ടിയുള്ള കയര്‍ (ആ കയറിനു ഒരു പേരുണ്ട്, ഓര്‍മ വരുന്നില്ല) കെട്ടിയുള്ള ഊഞ്ഞാല്‍. അത് പിന്നെ പൊട്ടുന്നത് വരെ അവിടെ തന്നെയുണ്ടാകും. 'തൊണ്ഡലം' വിടുക എന്ന ഒരു വാക്ക് ഈയിടെ ആണ് വീണ്ടും ഓര്‍മയില്‍ വന്നത്. ഊഞ്ഞാലില്‍ ഇരിക്കുന്ന ആളെ മറ്റൊരാള്‍ ആട്ടി വിടും, ഊഞ്ഞാല്‍ പിറകിലേയ്ക്ക് വലിച്ചു ഓടി വന്നു ഊഞ്ഞാല്‍ കൈകളില്‍ ഉയര്‍ത്തി കംബിനടിയിലൂടെ   കുനിഞ്ഞു   ഓടി .. അങ്ങനെ മാവിലകളിലൂടെ കാലുകള്‍ തട്ടി ആടാം..
പിന്നെയും ഉണ്ട് ഊഞ്ഞാല്‍ കളികള്‍, കൊച്ചങ്ങ താഴെ ഇട്ടു, ആടുന്ന  ഊഞ്ഞാലില്‍ നിന്നും  അതെടുക്കണം , കുനിഞ്ഞു...


- മണ്ണ് കൊണ്ട് വീടുണ്ടാകും, അതില്‍ ബോഗയിന്‍വില്ല  പൂക്കള്‍  കൊണ്ട് ഭംഗി  കൂട്ടും
- മതിലില്‍  പിടിച്ചിരിക്കുന്ന പായല്‍ വെല്‍വെറ്റ്
- മഷിത്തണ്ട് , അതിന്റെ തളിരിലകള്‍
-   മതിലില്‍  കല്‍ക്കരി  കൊണ്ടുള്ള  ചിത്ര രചന
- കുഴിയാനയെ പിടിച്ചു, സിമന്റ്‌ പടിയില്‍ മണല്‍ വിരിച്ചു പടം വരക്കല്‍.. കുഴിയാനയുടെ കുഴി നോക്കി ഉള്ള ആ മധ്യാഹ്നങ്ങള്‍ ..
- വാഴകുഴിയ്ക്കരികില്‍ മണ്ണിരയെ തേടിയുള്ള കമ്പും കുത്തി സത്യാഗ്രഹം..
- മണി അടിച്ചു വരുന്ന ബോംബെ മിട്ടായി കടലാസ് കോണില്‍ വാങ്ങി   .. യം യം യം..  .
- സാറ്റ് കളിയ്ക്കിടയില്‍ കോണി  മുറിയില്‍ ഒളിഞ്ഞിരുന്നു, വയ്ക്കോലിനിടയില്‍ പഴുക്കാന്‍ വെച്ച മാങ്ങ കടിച്ചു വലിച്ചു അങ്ങനെ...മ്മ്മ്മം  ..
- തട്ടുമ്പുറത്തു ധൈര്യശാലി ആയി ഒറ്റയ്ക്ക് കറങ്ങി നടക്കല്‍..  അവിടത്തെ ആ പൊടിയുടെ മണം.. ചെമ്പ് പാത്രങ്ങള്‍ ..

ഇങ്ങനെ പലതും പലതും ഓര്‍മയുടെ മാറാല നീക്കി പുറത്തു വരുന്നു.. ഓര്‍മകളുടെ ആ കിളിവാതില്‍ ഒന്ന് തുറന്നു കിട്ടിയാല്‍, പിന്നെ മറ്റൊരു ലോകം ആണ്.. മണവും, നിറങ്ങളും, രുചിയും, ഭാവവും, രൂപവും ഒക്കെ തെളിഞ്ഞു തെളിഞ്ഞങ്ങനെ വരും
അതിശയിപ്പിക്കും വിധം..


ഇനി ഇടയ്ക്കൊക്കെ കയറി explore  ചെയ്യാനൊരു ലോകം തുറന്നു കിട്ടിയ സന്തോഷത്തോടെ ത്രില്‍ ഓടെ
സ്നേഹപൂര്‍വ്വം
പിഗ്മ










.

Tuesday, November 1, 2011

അവാച്യം

എന്നും സന്ധ്യാദീപം തെളിയിക്കാന്‍ പോലും എനിക്ക് മടിയാണ്. പ്രാര്‍ത്ഥന തീരെ ശീലമില്ല. പലപ്പോഴും 'ദൈവം' എന്നെ ആശയകുഴപ്പത്തില്‍ ആക്കുന്നു. തോന്നിയിട്ടുണ്ട് എനിക്ക് ചേരുന്നത് ഏകദൈവ സങ്കല്പം ആണെന്ന്. ഈ തോന്നല്‍ ശക്തമായപ്പോള്‍ ഇസ്ലാമിനോടും ഒരു കമ്പം തോന്നി. ഖുര്‍ആന്‍ വായിച്ചു നോക്കി. ആദ്യം ആ പുസ്തകം വെച്ച് കുറെ ഇരുന്നു..ഒന്നും മനസ്സിലാകുന്നില്ല. പിന്നീടാണ് പുറകു വശത്ത് നിന്നാണല്ലോ തുടങ്ങേണ്ടത് എന്ന ബോധം വന്നത്. അങ്ങനെ കുറെ ഒക്കെ വായിച്ചു. പക്ഷെ എനിക്ക് യോജിക്കാനായില്ല അതിനോട്.. നരകത്തില്‍ എതുമെന്നെ ഭയം എന്നെ ദൈവത്തോട് അടുപ്പികില്ല നിശ്ചയം. നരക വര്‍ണനകള്‍   എനിക്കിഷ്ടമായതുമില്ല. അങ്ങനെ  ഇസ്ലാം അല്ല എനിക്ക് ചേര്‍ന്നത്‌ എന്ന് ബോധ്യമായി. ക്രിസ്തു  മതത്തോടു തോന്നിയ അടുപ്പം പതിനഞ്ചാം വയസ്സില്‍ തന്നെ ഞാന്‍ വിശകലനം ചെയ്തതാണ്. പള്ളിയുടെയും പോപിന്റെയും അധീനതയില്‍ ജീവിക്കാന്‍ എനിക്കാവില്ല. എനിക്ക് വേണ്ടത് സ്വാതന്ത്ര്യം ആണ്.  അമ്പലങ്ങളില്‍ പല ദൈവങ്ങള്‍ എന്നെ കൂടുതല്‍ confused ആക്കുന്നു. ഒരാളിനോടു കാര്യം പറയുമ്പോള്‍ മറ്റുള്ളവരോട് പറയാന്‍ എനിക്കൊന്നും ബാക്കി ഇല്ല. പിന്നെ കാണിക്ക ഇടുന്ന രീതിയും എന്നില്‍ സങ്കോചം ജനിപ്പിക്കുന്നു, കാരണം നടയില്‍ നില്‍ക്കുമ്പോള്‍ തോന്നും ഈ പോറ്റിമാര്‍ പ്രതീക്ഷിക്കുന്നല്ലോ  ഞാന്‍ തട്ടത്തില്‍  ഇടുന്നത്..അത് മാത്രമല്ല കാണിക്ക വഞ്ചിയില്‍ ഇടാനുള്ള തുകയുടെ  കണക്കു കൂട്ടലും വരും മനസ്സില്‍    .. പിശുക്കി അല്ല ഞാന്‍ ഒട്ടും.. പക്ഷെ അങ്ങനെയും എനിക്ക് തോന്നാറുണ്ട്, സത്യം. ചുരുക്കത്തില്‍ പ്രാര്‍തിക്കാനുള്ള ശ്രദ്ധ കിട്ടില്ല ഇതിനിടയില്‍. ആല്‍വൃക്ഷത്തിനെ വലം വെയ്ക്കുമ്പോള്‍ ആണ് എനിക്കേറ്റവും മനസുഖം തോന്നാറ്. പ്രകൃതിയില്‍ ആണ് എനിക്ക് ഈശ്വര ചൈതന്യം അനുഭാവപെടാരു എപ്പോളും.

ഇങ്ങനെയൊക്കെ ആണെങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ ഞാന്‍ മൂകാംബികയില്‍ പോകാറുണ്ട്. . എന്നെ അവിടെയ്ക്ക് കാന്തം എന്ന പോലെ പിടിച്ചു വലിയ്ക്കുന്ന ഒരു ശക്തി എനിക്ക് അനുഭവപ്പെടാറുണ്ട്. വിദ്യയുടെ ഉറവിടം എന്ന തോന്നലും. ഈ ദീപാവലിനാളില്‍ പുലര്‍ച്ചയ്ക്ക് മുമ്പേ യാത്ര ചെയ്യുമ്പോള്‍ മനസ്സിലും  തണുത്ത കാറ്റ് വീശി.   ഇടയ്ക്കിടെ ഉറങ്ങിയും ഉണര്‍ന്നും ഒരു അര്‍ദ്ധബോധാവസ്ഥയിലെ സുഖം ശാന്തി.. സുര്യന്‍ കിഴകിലൂടെ   എത്തിനോക്കി തുടങ്ങുമ്പോള്‍ മാനം തുടുത്തു, കാന്തനെ കണ്ട കാമിനിയെ പോലെ .. എന്തൊരു അഴകാണ് ആകാശത്തിനു അന്നേരം. അപ്പോള്‍ തോന്നി ആകാശത്തെവിടെയോ സങ്കല്പ്പിക്കാവുന്നതിലും വലുപ്പത്തില്‍  ഒരു സുന്ദരി കമിഴ്ന്നു കിടന്നു മാനത്ത്‌ ചിത്രം വരയ്ക്കുന്നുണ്ടാകും.. അതിനിടയില്‍ തെറിച്ചു വീഴുന്ന നിറകൂട്ടുകള്‍ അല്ലെ   ഈ മനോഹര വര്‍ണങ്ങള്‍ .. മഷി വീണ പോലെ ഉള്ള മേഘതുള്ളികള്‍. ആ മുനികുമാരിയെ  പോലെ വസ്ത്രം ധരിച്ച സുന്ദരിയെ അവളുടെ പ്രപഞ്ചം നിറഞ്ഞു കവിയുന്ന വലുപ്പത്തെ , അവള്‍ കമഴ്ന്നു കിടക്കുമ്പോള്‍ ഉയര്‍ത്തി വെച്ച കണംകാലിലെ നിറയെ മുത്ത്‌ പതിച്ച പാദസരം, അവളുടെ ചുവന്ന വിരല്‍തുംബുകളും പാദദ്വായങ്ങളും ഒക്കെ കണ്ടു കൊണ്ട് അവളുടെ ചിത്രകലാ  വിരുതും നോക്കിയിരുന്നു ഞാന്‍ പ്രപഞ്ചത്തിനും  അപ്പുറത്തേയ്ക്ക്    ഊളിയിട്ടിറങ്ങി. അവിടെ നിന്നും ഭൂമിയെ നോക്കി കണ്ടു.. ഞാന്‍ എന്ന കീടമാത്രയുള്ള ജന്മതെയും .. വീണ്ടും ഞാന്‍ ഉറങ്ങി.. ഉണരുമ്പോള്‍ വഴി നിറയെ ബന്ദിപൂക്കള്‍ കോര്‍ത്ത മാലകള്‍ വില്‍ക്കുന്നവര്‍. മഞ്ഞയും ഓറഞ്ചും നിറമുള്ള പൂക്കള്‍.

കുന്ദപുര്‍ ബൈനടുര്‍ ഹൈവേയില്‍ നിന്നും കൊല്ലുരിലേക്ക് തിരിയുമ്പോള്‍ എല്ലാ വര്‍ഷത്തെയും പോലെ എന്റെ ഹൃദയം തുടിച്ചു .. ആ പ്രത്യേക  താളം എന്നില്‍ നിറഞ്ഞു. ഈ പാതയിലൂടെ പോകുമ്പോള്‍ എനിക്ക് എന്നും തോന്നുക ഒന്ന് തന്നെയാണ്. ആ ശക്തിസ്വരൂപിണി ഈ പാതയുടെ അങ്ങേയറ്റത്ത്‌ മാനം മുട്ടും വിധത്തില്‍ നില്‍ക്കുന്നു.. ഈ പാത ഹൃദയത്തിലേക്ക് രക്ത നാഡികള്‍  എന്ന പോലെ എന്നെ ആ നെഞ്ചിലേക്ക് എത്തിക്കും ഉടനെ.. അവിടെ കൈ വിടര്‍ത്തി പുണരാന്‍ എന്ന പോലെ മൂകാംബിക. ആ അനുഭുതി നുകര്‍ന്ന് കൊണ്ട് ഞാന്‍ ഓടുന്ന പോലെ ... അമ്മയ്ക്കരികിലേക്ക് കുഞ്ഞെന്ന പോലെ ...



Sunday, October 16, 2011

ഒരു പാഴ്ശ്രമം

ഞാനൊരു കവിത എഴുതിയാലോ ?
സുമയും, പിന്നെ  പാര്‍വണവും  എഴുതുന്നത്‌ കാണുമ്പോള്‍ 
എനിക്കും ഒരു മോഹം 
പെട്ടെന്ന് വീശിയ കാറ്റാണ് മോഹ കാരണം 
പരീക്ഷ നടക്കുന്നു.. 
അഞ്ചും മൂന്നും എട്ടു കുട്ടികള്‍ ആഞ്ഞിരുന്നു എഴുതുന്നു 
രണ്ടാം നിലയിലെ ക്ലാസ്സ്‌ മുറിയിലെ ജനാലയിലൂടെ ...
നിനച്ചിരിക്കാത്ത തണുത്ത കാറ്റ് 
മഞ്ഞിലകള്‍ മഴ പോലെ ചെരിഞ്ഞു  പെയ്തിറങ്ങുന്നു
മാനത്തു  നിന്നും
അരയാല്‍ മുത്തച്ഛന്‍ ഗാംഭീര്യത്തോടെ 
ചെറുരോമങ്ങള്‍ കൊഴിഞ്ഞു  വീണതറിയാതെ  ധ്യാനത്തില്‍ ..
മാവും ഞാവലും പ്ലാവും മുരുക്കും
കുടഞ്ഞു കളയുന്ന പാഴിലകള്‍ 
തീവണ്ടിഒച്ച പോലെ ദൂരെ ദൂരെ നിന്നും ഒരു ഇടിമുഴക്കം 
മഴയ്ക്ക് പെയ്യാന്‍ അങ്ങനെ  കാലം ഒന്നുമില്ലല്ലോ
ദൈവമേ പുതിയ woodland shoes ആണല്ലോ കാലില്‍ 
അഞ്ചു മണിക്ക് മണിയടിക്കുമ്പോള്‍ ഓടി എത്തണ്ടേ വീട്ടിലേക്കു 
അത് നനഞ്ഞാല്‍ നാശമാകുമല്ലോ
ചെരുപ്പില്ലാതേ നടക്കാന്‍ പഠിപ്പനുവദിക്കുന്നുമില്ല      

ശേ
ഇതൊരുമാതിരി 
"രാമ രാമ രാമ രാമ രാമ രാമ പാഹിമാം 
വിത്തിനിട്ടചേനയെടുത്തവിചുതിന്നതാരെടി"

ഇങ്ങനെയുള്ള ഞാന്‍ ആണോ കവിത എഴുതാന്‍
അല്ല പിന്നെ !!!
അതൊക്കെ അറിയാവുന്നവര്‍ ചെയ്യട്ടേ !

കാണാം .. സ്നേഹപൂര്‍വ്വം പിഗ്മ  




   
  




Monday, June 13, 2011

പൊരുളുകള്‍ക്കപ്പുറം


ആര്?
ആരോട് ചോദിക്കാന്‍?
ആര് പറയാന്‍?
പറയാന്‍ കഴിയുമോ?
സര്‍വാതീതം, സര്‍വമയവും

എന്റെ നേരെ നീണ്ടു വരുന്ന പൊരുളുകള്‍ - പുണ്യ ഗ്രന്ഥങ്ങള്‍ 
നയിക്കുമോ എന്നെ
എവിടെ! 
ഏറെ നാള്‍ മനസ്സിലും ബുദ്ധിയിലും
അച്ചടിച്ച്‌ പോയതൊക്കെ 
അറിവിനെ മറയ്ക്കുന്ന ഒരു പുകമറ

അറിയണമെനിക്ക്
നേടിയ അറിവുകളുടെ പടലങ്ങള്‍ പകുത്തു നീക്കി
നിന്നെ 
എന്നെ തന്നെയും    

Monday, April 11, 2011

ഒരു പല്ലും ചില വീട്ടുകാര്യങ്ങളും..

രണ്ടു ദിവസമായി ആദി പറയുന്നു അവന്റെ ഒരു പല്ലിനു ഒരു ആട്ടം എന്ന്. ആദ്യത്തെ പല്ലാണ് .. പോകാന്‍ വേണ്ടി ആടുന്നത്. എനിക്ക് ഒരു രസം ഒക്കെ തോന്നി. കളിയാക്കിയാല്‍ അവന്‍ ജിന്ന്‍ കൂടിയത് പോലെയാകും. അത് കൊണ്ട് മെല്ലെ ചോദിച്ചു, മോനു പല്ല് പോയാല്‍ പിന്നെ എന്താ? അവന്റെ ഉടനെയുള്ള ഉത്തരം : " അത് ഞാന്‍ pillow യുടെ അടിയില്‍ വെയ്ക്കും. അപ്പോള്‍ അടുത്ത ദിവസം എനിക്കൊരു gold coin കിട്ടും". അവന്റെ എല്ലാ സ്വപ്നങ്ങള്‍ക്കും ഞാന്‍ കുട പിടിക്കാറുണ്ട്.. ഇതിനും അതേയ്..ഞങ്ങള്‍ രണ്ടും ആ gold coin സ്വപ്നം കണ്ടു .. അതിനെ കുറിച്ച് ആധികാരികമായി ചര്‍ച്ച ചെയ്തു.. കൂലംകഷമായി തന്നെ. ഇതൊക്കെ കണ്ടു രണ്ടിനും വീണ്ടും വട്ടായല്ലോ എന്നാ ഭാവത്തില്‍ വീട്ടിലെ ഗൃഹനാഥന്‍.. ഞങ്ങടെ അച്ഛന്സ്. 

ഇന്നലെ രാത്രി ആദി വീണ്ടും വന്നു പല്ല് പുരാണവും ആയി.. അത് വീണാല്‍ വേദനിക്കുമോ തുടങ്ങിയ കിന്നാരം.. വീണ്ടും   ചര്‍ച്ച ചെയ്തു തളര്‍ന്ന ഞങ്ങള്‍ക്ക് ഒരു കൊതി , ഒന്ന് ചിക്കന്‍ അടിച്ചാലോ.. അച്ഛന്സിനെ പറഞ്ഞു വല്ല വിധവും എണീപ്പിച്ചു രാത്രി അല്‍പ്പം വൈകിയെങ്കിലും ചിക്കന്‍ തിരക്കി യാത്രയായി. പല്ല് പുരപുറത്ത് കളയണം എന്ന വാദം അവന്‍ തട്ടി കളഞ്ഞു. അത് pillow കീഴില്‍ തന്നെ വെയ്ക്കണം അത്രേ. ആലോചിക്കുമ്പോള്‍  വല്ലാതെ.. എന്തേലും  ആവട്ടെ അവന്റെ സ്വപ്നം അല്ലെ, തകര്‍ക്കണ്ട എന്ന് തീരുമാനം ആയി. ചിക്കന്‍ lollipop ചൂട് കൂടുതല്‍ ആണ്. എന്നാലും ഒരു വിധം അവന്‍ കഴിക്കുന്നുണ്ട്. ദാ കിടക്കുന്നു പല്ല് പ്ലേറ്റില്‍. അതിനെ പൊതിഞ്ഞെടുത്തു അച്ഛന്സിനെ ഏല്‍പ്പിച്ചു. എനിക്ക് വയ്യ അത് പിടിക്കാന്‍. വീട്ടിലേയ്ക്ക് തിരിച്ചു വരും വഴിയൊക്കെ ഞാന്‍ അവനോടു പല്ല് ബ്രഷ് ചെയ്യുന്നതിന്റെ മാഹാത്മ്യതേ പറ്റി ഒക്കെ വിസ്തരിച്ചു. വീടെത്തിയാല്‍   ഉടനെ ബ്രഷ് ചെയ്യും എന്ന് അവന്‍ വാക്കും തന്നു.  

വീടെത്തിയപ്പോള്‍ agenda no.1 ആദി പ്രഖ്യാപിച്ചു , അവന്റെ പല്ല് കഴുകി കൊടുക്കണം. ഞാന്‍ സന്തോഷം കൊണ്ട് ഉറക്കം മറന്നു. എന്റെ മോന്‍ അനുസരണ  പഠിച്ചിരിക്കുന്നു. വന്ന ഉടനെ പല്ല് തേയ്ക്കാന്‍ എന്റെ സഹായം ചോദിക്കുന്നു. പെട്ടെന്ന് ബ്രഷ് എടുത്തു പേസ്റ്റ് ഞെക്കി ഞാന്‍ ready.  അപ്പോള്‍ അവന്റെ പുറത്തു പിന്നെയും ആ ജിന്ന്‍ കൂടിയോ. 'you are cheating me' എന്നാ മുടിഞ്ഞ ഇംഗ്ലീഷും. ഒന്നും പിടി കിട്ടാതെ ഞാന്‍ നോക്കി. അവന്‍ തറപ്പിച്ചു പറഞ്ഞു, എന്റെ പല്ല് കഴുകി തരാതെ ഞാന്‍ ബ്രഷ് ചെയ്യില്ല. ഓ അപ്പോള്‍ അതാണ്‌ കാര്യം. അച്ഛന്സിനെ വിളിച്ചു ഏല്‍പ്പിച്ചു ആ കൃത്യം. ഞാനങ്ങു മാറി.. ഒരു instruction ഉം കൊടുത്തു, washbasin ഇല്‍ വെച്ച് കഴുകണ്ട, വീണു പോയേക്കാം. ആര് കേള്‍ക്കാനാ. എന്തായാലും അത് പോയി. അച്ഛന്സ് കുനിഞ്ഞു  നിന്ന് ചിരിക്കുന്നു, മോന്‍ വിതുമ്പി കരയുന്നു.

എന്റെ വക രണ്ടു ഡോസ് അച്ഛന്സിനു കൊടുത്തു മോനെ സമാധിനിപ്പിക്കാന്‍ നോക്കി. ഒരു രക്ഷയുമില്ല. അവന്‍ കൈ തലയില്‍ വെച്ച് എന്റെ പല്ലേ എന്ന് വിളിച്ചു കരച്ചില്‍.അച്ഛന്സ് എന്റെ പള്ളീ എന്നൊരു നോട്ടവും.  കുറ്റബോധം സഹിക്കാന്‍ വയ്യാതെ അച്ഛന്സ് ടൂള്‍ സെറ്റ് ഒക്കെ എടുത്തു പോന്നു wash basin ഇളക്കാന്‍. എനിക്ക് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ. എന്തായാലും ഞാന്‍ ഇടപ്പെട്ടില്ലേല്‍ നാളെ plumber ക്ക് ഒരു ചെക്ക്‌ മാറാം. 

പെട്ടെന്ന് ഇന്റര്‍നെറ്റ്‌  ദൈവം എന്റെ രക്ഷയ്ക്കെത്തി. ആദിയോട് പറഞ്ഞു, നമുക്ക് നെറ്റില്‍ നോക്കാം. പല്ല് കളഞ്ഞു പോയാലും അവന്റെ gold coin കിട്ടുമോ എന്ന്. ഭാഗ്യത്തിന് അവന്‍ സമ്മതിച്ചു. കുറച്ചു ഡെന്റല്‍ സയന്‍സ് , പിന്നെ അവബോധം ഇതൊക്കെയായിരുന്നു എന്റെ ഉദ്ദേശം. അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ ടൈപ്പ് ചെയ്തു : if your milk tooth falls, will you get a gold coin? ഞാന്‍ ഗൂഗിളിനോട് എന്നും കടപ്പെട്ടിരിക്കുന്നു. ഉത്തരം വന്നു. you will get a gold coin, if you keep the fallen tooth under your pillow. വീണ്ടും വിളി തുടങ്ങി.അവസാനം വേറെ ഒരു ലിങ്ക് കിട്ടി. അതില്‍ പറയുന്നതനുസരിച്ച് പല്ല് പോയാല്‍ മതി.മാലാഖ വന്നു സമ്മാനം തരും. അതൊരു വല്യ ആശ്വാസമായി.അവന്‍ അടങ്ങി. ചിലപ്പോള്‍ നാളെ കിട്ടിയില്ലേലും അടുത്ത് ഞായറാഴ്ചയ്ക്ക് മുമ്പ് കിട്ടുമായിരിക്കും എന്ന് ഞാന്‍ ആത്മഗതം.. ശനിയാഴ്ച്ചയെ  പറ്റൂ ഇനി കടയില്‍ പോകാന്‍ ഒക്കെ. 

എന്നും അച്ഛനെ കെട്ടിപ്പിടിച്ചുറങ്ങുന്ന മോന്‍ തീരുമാനം മാറ്റി. ഇന്ന് അച്ഛന്‍ എന്നെ തൊടാന്‍ പാടില്ല, അമ്മ എന്നെ കേട്ടിപ്പിടിച്ചോ. കിട്ടിയ അവസരം ഞാന്‍ ഒട്ടും കളഞ്ഞില്ല. വിജയിയായി കെട്ടിയോനു ഒരു നോട്ടം വിട്ടിട്ടു ഞാന്‍ ആദിയെയും ഇറുക്കി പിടിച്ചു കിടന്നു. അധികം വൈകിയില്ല, അതിനുള്ളില്‍ അവന്റെ അടുത്ത കമന്റ്‌. അമ്മേടെ ശ്വാസം എന്റെ ചെവിയില്‍ വീഴുന്നു. എന്തിനാ ഈ carbon dioxide എന്റെ ചെവിയില്‍.. അമ്മ നീങ്ങി കിടന്നാ മതി. പല്ലില്ലാത്ത വിടവില്‍ കൂടി കാറ്റ് പോയത് കാരണം dioxide 'diotctcttyyeeede' ആയി. ചിരി അടക്കി ഞാന്‍ കിടന്നു.

രാവിലെ ഒരാള്‍ അഞ്ചു രൂപ coin തിരക്കി നടക്കുന്നു. തിരക്കിനിടയില്‍ ഞാന്‍ ശ്രദ്ധിച്ചില്ല ഈ വട്ടൊക്കെ. മോന്‍ ഉണര്‍ന്നപ്പോള്‍ അമ്മാ എന്നാ നീട്ടിയ ഒരു വിളി. ചെന്നപ്പോള്‍ അവന്‍ ഊട്ടപ്പല്ല് കാട്ടി ചിരിക്കുന്നു.. കിട്ടി അമ്മാ എനിക്ക് gold coin. അത് pillow യ്ക്ക് അടിയില്‍ ഉണ്ടായിരുന്നത്രേ. ഗൂഗിള്‍ ഒക്കെ തെറ്റാണ് അമ്മാ എന്നും വിദ്വാന്റെ ഒരു പറച്ചില്‍. അവനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു പോയി ഞാന്‍. അഞ്ചു രൂപ സ്വര്‍ണ നിറത്തില്‍ ഇറക്കിയ ഭാരത സര്‍കാരിനും  RBI  യ്ക്കും  സ്തുതി...

ഇനി അടുത്ത പല്ല് ഞാന്‍ തന്നെ കഴുകി കോളാം എന്നും ആദിമോന്‍ വിഞാപനം ഇറക്കിയിട്ടുണ്ട്! 

Thursday, February 24, 2011

തിരുവനന്തപുരത്ത് കൂടെ..

 രാവിലെ തൈകാട്  ശാസ്താം കോവിലില്‍ നിന്ന് തൊഴുതു ഇറങ്ങിയതാണ്. ഇനിയും ഉണ്ട് പലവിധ അമ്പലദര്‍ശനം. പിറന്നാള്‍ അല്ലേ. അമ്മയെ മുഷിപ്പിക്കണ്ട എന്ന് വച്ചു.    പദ്മനാഭ ക്ഷേത്രത്തില്‍ പാല്പായസയത്തിനു കൊടുത്തിട്ടുണ്ട്‌. അത് വാങ്ങണം. അതിനും മുമ്പേ പഴവങ്ങാടി ഗണപതി കോവിലില്‍ നിന്നും ഗണപതി ഹോമത്തിന്റെ പ്രസാദം വാങ്ങണം. മണി എട്ടു ആകുന്നതേ ഉള്ളൂ. എന്നിട്ടും റോഡില്‍ ട്രാഫിക്‌ നു കുറവൊന്നുമില്ല. അതെങ്ങനെ ദിവസവും ആളുകള്‍ പുതിയ വണ്ടികള്‍  വാങ്ങി കൂട്ടുകയല്ലേ.  റോഡിനു മാത്രം ഒരു വളര്‍ച്ചയുമില്ല. വീതിയും നീളവും ഒക്കെ പണ്ട് മോഡല്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഉള്ളത് പോലെ തന്നെ. കഷ്ടപ്പെടുന്നത്  നമ്മളെ പോലെ ഉള്ള പാവം ഇരുചക്ര വണ്ടികള്‍. വലിയവന്മാര്‍ ഇടിച്ചു വീഴാതെ നോക്കണം. എന്റെ മുന്നിലൂടെ പോകുന്ന ആ ബൈക്ക് പതുക്കെ തന്നെയാണ് നീങ്ങല്‍.  ഓവര്‍ ടേക്ക് ചെയ്യാനും മനസ്സ് വരുന്നില്ല. ആ പുറകില്‍ ഇരിക്കുന്ന പെണ്ണിന്റെ മുഖം ഒന്ന് നേരെ കാണണം.  നല്ല മുടിയാണല്ലോ അവള്‍ക്കു. നീണ്ട അഴിച്ചിട്ട മുടി. അല്‍പ്പം നനവും കാണും. രാവിലെ കുളിച്ചതായിരിക്കും. ഇടയ്ക്കിടെ അവള്‍ വിരലുകള്‍ കൊണ്ട് മുടിയിലൂടെ വിരലോടിക്കുന്നു. നല്ല ഭംഗിയുള്ള നീണ്ട വിരലുകള്‍. രണ്ടു മോതിരങ്ങള്‍ ഉണ്ട് ഇടത്തേ കൈയ്യില്‍. നടുവിരലിലും മോതിരവിരലിലും.  നെയില്‍ പോളിഷ് ഇട്ട കൂര്‍പ്പിച്ച നഖങ്ങള്‍. മുടി ഒതുക്കുമ്പോള്‍ ചെവി കാണാം, ഒരു നീണ്ട കമ്മല്‍. മുഖത്തിന്റെ ഒരു വശവും കണ്ടു അവസാനം. എന്തോ  ഒരു ഭംഗി. വിരലുകള്‍ വീണ്ടും വീണ്ടും മുടിയിലൂടെ പരതുന്നു, നീങ്ങുന്നു, ഒതുക്കുന്നു.. തമ്പാനൂര്‍ എത്തി. വെയിലിനു ചൂട് വെയ്ക്കുന്നു. ശ്രീ വിശാഖില്‍ ഇംഗ്ലീഷ് പടം ആണല്ലോ. ശ്രീ കുമാറില്‍ ദില്‍ ചാഹ്ത ഹേ.  കെ എസ്‌ ആര്‍ ടി ബസുകള്‍ വഴി മുടക്കുന്ന കാരണം വണ്ടി നീങ്ങുന്നുമില്ല. അവള്‍ വീണ്ടും  മുടിയിലൂടെ ആ വിരലുകള്‍...ഉച്ചി മുതല്‍ മുടിതുമ്പ് വരെ അവള്‍ വിരലോടിക്കുന്നു. ഉണങ്ങാനായിരിക്കും. ഓവര്‍ ബ്രിഡ്ജ് കഴിഞ്ഞു കിട്ടി വല്ല വിധേനെയും. ഷാജു ബെയ്കറിയിലെ കേക്ക് വാങ്ങണം വൈകിട്ട്.   ഇവള്‍ക്ക് കൈ കഴയ്ക്കില്ലേ ഇങ്ങനെ മുടി തടവിയാല്‍. വല്യ സുന്ദരിയാണ് എന്നുള്ള  തോന്നല്‍ കാണും. മുടിയുടെ ഭംഗിയില്‍ അഹങ്കാരവും. അല്ല പിന്നെ.. കാലില്‍ ഒരു കൊലുസ്സ് കാണാം വെള്ളിയുടെ.. ഇളം പച്ച ചുരിദാര്‍ ആണ് വേഷം, വലത്തേ കൈയ് കൊണ്ട് ഒരു ഫയല്‍ കെട്ടിപിടിച്ചിട്ടുണ്ട്. ഇടത്തേ കൈ തലയില്‍ തന്നെ. പഴവങ്ങാടി എത്തി. ആ ബൈകിന്റെ നമ്പര്‍ നോക്കി, KCT  755 .. യമഹ ആണ്.. ഇനി എവിടേലും വച്ചു കാണാം. അയ്യോ അവരും ഗണപതി കോവിലിലേക്ക് ആണല്ലോ, ബൈക്ക് ഒതുക്കുന്നു. അവള്‍ മുടിയിലൂടെ വിരല്‍ പരതി പരതി എന്തോ വലിച്ചെടുക്കുന്നു.. എടുത്തത്‌ നഖത്തില്‍ വെച്ച്‌ അമര്‍ത്തി.. അങ്ങ് കളഞ്ഞു... അല്ലേല്‍ വേണ്ട.. ആദ്യം കോട്ടയ്കകതേ ഹനുമാനെ തോഴിതിട്ടു വരാം ഗണപതി ഹോമത്തിന്റെ പ്രസാദത്തിനു. ഞാന്‍ വണ്ടി ഗണപതികൊവിലിനു വലതു വശത്ത് കൂടെ കൊട്ടയ്ക്കകതെയ്ക്ക് തിരിച്ചു..  

Tuesday, February 22, 2011

കേട്ട കഥ

 കഥ കേള്‍ക്കുന്നത്  എന്നും ഇഷ്ടമാണ് എനിക്ക് .. ഇപ്പോള്‍ കഥ പറയല്‍ ആണ് അധികവും  .. കുഞ്ഞികിളിയ്ക്ക് അമ്മകിളി പറഞ്ഞു കൊടുക്കുന്ന കുഞ്ഞി കഥകള്‍, കള്ള കഥകള്‍..
ഈയിടെ ഒരു വര്‍ത്തമാന മുറിയല്‍ വെച്ച് ഒരു സുഹൃത്ത്‌ പറഞ്ഞ ഒരു കഥ ഇവിടെ പകര്‍ത്തുന്നു.

ഇന്നും ഒരു മഴദിവസം ആണ്. തീരെ മഴ കൂടുമ്പോള്‍ ഇസ്കൂളില്‍ പോകണ്ട. അവധിയാണ്. വീടിന്റെ മുകളിലത്തെ വരാന്തയില്‍  ഉള്ള സിമന്റ്‌ കൈവരിയില്‍ ഇരുന്നു മഴ കാണാം. ഒരു   ചെരുവാണ് വീടിനു മുന്നിലെ റോഡ്‌. പെരുമഴയത്ത് വെള്ളം കുത്തനെ ഒഴുകുന്നത്‌ നോക്കി ഇരിക്കാന്‍ എനിക്കിഷ്ടമാണ്, സുഖമാണ് അത്. കുടപിടിച്ച്  നടന്നു വരുന്ന പെണ്ണ്കുട്ടികള്‍ , അവര്‍ പാവാട തുമ്പു അല്‍പ്പം ഉയര്‍ത്തി കണംകാലില്‍ മഴ വീഴ്ത്തി നടന്നു നീങ്ങുന്നു. ആടുന്ന തെങ്ങോലകള്‍ക്കിടയിലൂടെ മഴ തെന്നിതെറിക്കുന്നു. 

ഈ മഴ ഒന്ന് തോര്‍ന്നിട്ട് വേണം ഉമ്മുമ്മേടെ വീട്ടിലെക്കോടാന്‍.  ഉമ്മുമ്മയ്ക്കു ഇന്നലെ വല്യുപ്പ  ചെരുപ്പ് വാങ്ങി വന്നിട്ടുണ്ടാകുമോ. പോയി നോക്കണം. എത്ര ദിവസമായി  ഉമ്മുമ്മ  ഒരു ചെരുപ്പിനായി പറയാന്‍ തുടങ്ങിയിട്ട്. വല്യുപ്പമാരോടും ചെറിയുപ്പമാരോടും അമ്മയിമാരോടും ഒക്കെ പറയുന്നത് ഞാന്‍ എത്ര  കേട്ടിരിക്കുന്നു. ഇന്നലെയും കൂടി ഞാന്‍ കണ്ടതാ ആ തേഞ്ഞ ചെരുപ്പിന്റെ പഴകി മങ്ങിയ നീല വാറ് പൊട്ടി ഊരി പോകുന്നതും  ഉമ്മുമ്മ കുനിഞ്ഞു നിന്ന്  ഒരു കംബെടുത്തു അത് കുത്തി തിരുകി തിരികെ കേറ്റുന്നതും. അടുക്കളപടിയില്‍  നിന്നും തൊഴുത്ത് വരെ പോകുന്നതിനിടയില്‍ ഒരിക്കല്‍ എങ്കിലും ആ വാറ് ഊരും. എനിക്കും ഇത് കാരണം ഒരു വിമ്മിട്ടം. ഉമ്മുമ്മ കുനിയുമ്പോള്‍ ഞാനും നില്‍ക്കും അവിടെ. ഉമ്മുമ്മേടെ ചുളിഞ്ഞ പതുപതുത്ത ഇടവയര്‍ ഒന്ന് തൊട്ടു നോക്കും ഞാന്‍ അപ്പോള്‍. അത്ര മൃതുവലാത്ത  ഉമ്മുമ്മേടെ കാല്‍വിരലുകളും നിറം മങ്ങിയ  നഖങ്ങളും ഞാന്‍ നോക്കും.  കൂടെ ഞാന്‍ എന്റെ ചെരുപ്പിലും കണ്ണോടിക്കും.  അത് എനിക്കെന്തോ പോലെയാണ്. ഉമ്മുമ്മയ്ക്കു ഒരു പുത്തന്‍ ചെരുപ്പ് വാങ്ങിയെ പറ്റൂ. വൈകുന്നേരങ്ങളില്‍ ഉമ്മുമ്മേടെ മകന്‍, എന്റെ വല്യുപ്പാ വരുമ്പോള്‍ ഉമ്മുമ്മ എന്നത്തേയും പോലെ ആരായും, "മോനെ നീ ആ ചെരുപ്പ് വാങ്ങിയോടാ?". വല്യുപ്പാന്റെ സ്ഥിരം ഉത്തരം എനിക്ക് മനപാടമാണ്.'ഇല്ലുമ്മ സമയം കിട്ടിയി'ല്ല. ചെറിയുപ്പ ആണേല്‍ പറയും 'ഇല്ലുമ്മ ഞാന്‍ മറന്നു പോയി, ഇനി നാളെ ആകട്ടേ'. എന്നും ഒരേ ചോദ്യം.. ഒരേ ഉത്തരം.

ഞാന്‍ ഉമ്മയോട് പറഞ്ഞു നോക്കിയതാ പലവട്ടം. പക്ഷെ ഉമ്മ പറയുന്നു ഉപ്പ ഇവിടെ ഇല്ലാത്ത സ്ഥിതിയ്ക്ക് ഇതിലൊന്നും ഇടപെടണ്ട എന്ന്. ഉമ്മയ്ക്ക് അല്ലേലും ഉമ്മുമ്മയോടു എന്തോ ഇഷ്ടകേടുണ്ട്.  ഉമ്മയോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചു എന്താ ഉമ്മുംമാനെ ഉമ്മയ്ക്ക് ഇഷ്ടമില്ലാത്തത് എന്ന്. അപ്പോള്‍ ഉമ്മ പറഞ്ഞു ഇഷ്ടകേട്‌ ഉമ്മുംമയ്ക്കാനെന്നും അത് നിക്കാഹിനു ശേഷം ഉപ്പ ഉമ്മയോടൊപ്പം മാറി താമസമാക്കിയത് കൊണ്ടാണെന്നും. പിറ്റേന്ന് ഉമ്മുമ്മ കോഴിപിടി ഉരുട്ടുന്ന നേരം ഞാന്‍ ഉമ്മുംമയോടും ചോദിച്ചു ഇതേ ചോദ്യം.. എന്തേ എന്റെ ഉമ്മാനെ    പിടിക്കാത്തത്  എന്ന്. ഉമ്മുമ്മ പറഞ്ഞു. ഉണ്ണി നിന്റെ ഉമ്മാന് ഒരു കുഴപ്പമുണ്ട്, ഇവിടെ പൊരെന്റെ മേല്‍ ഒരു ഈര്‍ക്കില്‍ വീണാലും ഓള്‍ അത് അപ്പം ഗള്‍ഫിളിരിക്കണ കെട്ടിയോനെ വിളിച്ചു പറയും. ഉമ്മുമ്മ ഇടയ്ക്ക് എന്റെ തലയില്‍ ഒന്ന് തട്ടുകയും ചെയ്ട്ത് സ്നേഹത്തോടെ.പിടി കിണ്ണത്തില്‍ ഇട്ടു  തന്നു എനിക്ക്. എന്നിട്ട് കുനിഞ്ഞു വീണ്ടും ചെരുപ്പിന്റെ വാറ് കുത്തി തിരുകാന്‍.

 മഴ  പെഴുന്നു ഇപ്പോഴും. ഇന്ന് വൈകിട്ട്  ഉമ്മയുടെ വീട്ടില്‍ പോകാനുള്ള തിരക്കിലാണ് എല്ലാരും വീട്ടില്‍. അവിടെ ഒരു ന്ക്കഹ് ഉണ്ട് ആരുടെയോ. നിക്കഹിനിടാനുള്ള ഉടുപ്പൊക്കെ വാങ്ങി വെച്ചിട്ടുണ്ട് ഉമ്മ. ഇനി എനിക്കൊരു ചെരുപ്പ് വാങ്ങണം. എനിക്ക് ചെരുപ്പ് വാങ്ങാന്‍ ഉമ്മ അമ്പതു രുപ്യ തന്നു. ഞാന്‍ ഉമ്മയോട് ഒരു അമ്പതു രുപ്യ കൂടി ആവശ്യപ്പെട്ടു ഉമ്മുംമയ്ക്കും കൂടി വാങ്ങാന്‍. ഉമ്മ തരില്ല എന്ന് തീര്‍ത്തു പറഞ്ഞു. ഞാന്‍ കരയാന്‍ തുടങ്ങി നിറുത്താതെ മഴയ്ക്കൊപ്പം ഞാനും... ഉമ്മയ്ക്ക് സ്വസ്ഥത കിട്ടാനാകും.. എന്റെ കൈയ്യില്‍ നൂറു രുപ്യ വെച്ച് തന്നു.  മഴ ഒന്ന് തോര്‍ന്നപ്പോള്‍ ഞാന്‍ ഇക്കയോടൊപ്പം പട്ടണത്തിലേയ്ക്ക് പോയി ചെരുപ്പ് വാങ്ങാന്‍. നല്ല ഭംഗിയുള്ളത് നോക്കി ഒന്ന് ഞാന്‍ എനിക്ക് വാങ്ങി. ബാക്കി ഉള്ള കാശിനു കിട്ടിയ ഒന്ന് ഉമ്മുംമയ്ക്കും. ഒരു കൊടുമുടി കീഴടക്കിയ സന്തോഷത്തില്‍ ആയിരുന്നു ഞാന്‍. ഓടി ചെന്ന് ഇത് ഉമ്മുമ്മയ്ക്കു കൊടുക്കണം. ഉമ്മുംമയ്ക്കെന്തു സന്തോഷമാകും. തിരിച്ചു വീട് എതുംബോലെയ്ക്കും കല്യാണവീട്ടില്‍ പോകാറായി.   ഉമ്മുംമെടെ അടുത്തേയ്ക്ക് ഓടാന്‍ ഉമ്മ എന്നെ വിട്ടില്ല. തിരിച്ചു വന്നിട്ട് മതി ഊരുച്ചുട്ടല്‍ എന്ന് അങ്ങ് തറപ്പിച്ചു പറഞ്ഞു.

ഒരാഴ്ചയ്ക്ക്  ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഉടനെ ഞാന്‍ ആ പ്ലാസ്റ്റിക്‌ ബാഗും എടുത്തു ഇറങ്ങി ഉമ്മുമ്മാന്റെ വീട്ടിലേക്കു. ഉമ്മ തടഞ്ഞു, എനിട്ട്‌ പറഞ്ഞു ഉമ്മുമ്മയ്ക്കു നല്ല സുഖമില്ല ആശുപത്രിയിലാണ് അങ്ങോട്ട്‌ പോകാണ് എല്ലാരും, നീയും വാ. കൈയ്യില്‍ ഷൂ മര്‍ത്  ഇന്റെ കവേരും പിടിച്ചു ഞാനും എത്തി ആശുപത്രിയില്‍. ഉമ്മുമ്മ കിടക്കുകയാണ്, കൈയ്യില്‍ ട്യൂബ് ഉണ്ട്. അടുത്തൊക്കെ ആളുകളും. ആളൊഴിഞ്ഞ സമയത്ത് ഞാന്‍ അടുത്ത് പോയി ഉമ്മുമ്മയെ കാണിച്ചു ഞാന്‍ കൊണ്ട് വന്ന ചെരുപ്പ്. കവറില്‍ നിന്നെടുത്തു പൊക്കി കാണിച്ചു. ഉമ്മുമ്മ ഒന്ന് ചിരിച്ചു, ചുണ്ട് കൊടിയിരിക്കുന്നു ഉമ്മുമ്മാന്റെ. ട്യൂബ് ഇല്ലാത്ത കൈ കൊണ്ട് എന്റെ കവിളിലും തലമുടിയിലും തടവി. അല്‍പ്പം കണീര്‍ ഒഴുകി വീണു ഉമ്മുമ്മയുടെ കവിളിലൂടെ. അന്ന് ഉമ്മ തിരിച്ചു വീട്ടില്‍ പോകാന്‍ നേരം ഞാന്‍ വാശി പിടിച്ചു ഞാന്‍ ഉമ്മുംമാന്റെ കൂടെ ഇന്ന് ഇവിടെ കിടക്കാം എന്ന്. അത് ഉമ്മുംമാനോടുള്ള സ്നേഹം കൊണ്ടോ ഉമ്മുംമനെ പിരിയാനുള്ള സങ്കടം കൊണ്ടോ ആയിരുന്നില്ല. സ്കൂളില്‍ പോകണ്ടല്ലോ , അത് തന്നെ കാരണം. പക്ഷെ ഉമ്മ വിട്ടില്ല.കൂട്ടി കൊണ്ട് പോയി വീട്ടിലേക്കു. പിറ്റേന്ന് വൈകുന്നേരം വീണ്ടും ഞങ്ങള്‍ എത്തി ആശുപത്രിയില്‍. മുറിയില്‍ ഉമ്മുമ്മ ഇല്ല. ആരോ പറഞ്ഞു ഉമ്മുമ്മയെ വീട്ടിലേയ്ക്ക് കൊണ്ട് പോയി എന്ന്. മയ്യത്തായി.. എന്നും. അവിടെ ആ മുറിയില്‍ ആകെ ഉണ്ടായിരുന്നത് ഉമ്മുമ്മ ഇട്ടു പഴകിയ ആ വാറ് പൊട്ടുന്ന ചെരുപ്പ് മാത്രം. അത്  ഞാന്‍  ഒരു പേപ്പറില്‍ പൊതിഞ്ഞെടുത്തു. ഞാന്‍ കൊടുത്ത പുതിയ ചെരുപ്പ് അവിടെയെങ്ങും കണ്ടില്ല. മയ്യതെടുത്തു, പിരിഞ്ഞു പോകാത്ത ചിലര്‍ വീട്ടില്‍ അവശേഷിച്ചു.
പിന്നെയുള്ള   ദിവസങ്ങളില്‍  എല്ലാവര്ക്കും വല്യ തിരക്കായിരുന്നു അവിടെ. ഉമ്മുമ്മാടെ സ്വതൊക്കെ പങ്കുവെയ്ക്കല്‍ ആണ്. പലവിധ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം ഒക്കെത്തിനും തീരുമാനമായി. ഉമ്മുമ്മയ്ക്കു വളരെ സ്വതുണ്ടായിരുന്നു എന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. സ്വര്‍ണവും  പണ്ടവുമായി വേറെയും. ഞാന്‍ ഉമ്മുമ്മയ്ക്കു വാങ്ങികൊടുത്ത ആ പുതിയ ചെരുപ്പ് കാലിലിട്ട് കൊണ്ട് അമ്മായി പറഞ്ഞു, ഞാന്‍ ഉമ്മയ്ക്ക് വാങ്ങിയതാ പാവത്തിന് ഇതൊന്നിടാനും  കൂടി പറ്റിയില്ല. അങ്ങനെ ആ ചെരുപ്പ് അമ്മായിക്കുള്ളതായി. ഞാന്‍ ഒന്നും മിണ്ടാതെ ഒക്കെയും കണ്ടു. എല്ലാരോടും അല്‍പ്പം അരിശവും തോന്നി എനിക്ക്.

കുറെ നാളുകള്‍ക്കു ശേഷം എന്റെ ഉപ്പ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി. അന്ന് ഞാന്‍ ഉപ്പയോട്‌ പറഞ്ഞു ഞാന്‍ ഉമ്മുമ്മയ്ക്കു ചെരുപ്പ് വാങ്ങിയതും അത് അമ്മായി സ്വന്തമാക്കിയതും. ആ പഴയ ചെരുപ്പ് ഞാന്‍ പൊതി അഴുച്ചു ഉപ്പയെ കാണിച്ചു. ഉപ്പ അത് കൈയ്യില്‍ എടുത്തു. ആ കണ്ണുകള്‍ അല്‍പ്പം നനഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു ഇപ്പോള്‍. ഉപ്പ എന്നെ ചേര്‍ത്ത് പിടിച്ചു.. എനിക്ക് കേള്‍ക്കാമായിരുന്നു ഉപ്പയുടെ ഹൃദയമിടിപ്പിന്റെ ശബ്ദം.. ഉപ്പാക്ക് അന്ന് ചന്ദനത്തിന്റെ മണമായിരുന്നു..ഞാന്‍ ഉമ്മുമ്മയുടെ ആ കാല്‍ വിരലുകളും നഖങ്ങളും ചുളിഞ്ഞ തൊലിയുള്ള പിതുപിതുത്ത ഇടവയരും അപ്പോള്‍ ഓര്‍ത്തു. കുനിഞ്ഞു ചെരുപ്പിന്റെ വാര്‍ കംബെടുത്തു കുത്തി തിരിക്കുന്ന ഉമ്മുമ്മ ...